കോമഡി സ്കിറ്റുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്കു പരിചിതയായ അശ്വതിയെ ജെന്‍ സി ഉള്‍പ്പെടെയുള്ളവര്‍ ഇന്നു തിരിച്ചറിയുന്നത് വാഴ 2ലെ ഹാഷിറിന്റെ ഉമ്മ എന്ന ലേബലിലാണ്. വാഴ 2ലേക്കു വിളിച്ചപ്പോള്‍ ഇത്രമേല്‍ അഭിനയസാധ്യത പ്രതീക്ഷിച്ചിരുന്നില്ല.
സിനിമയോ നാടകമോ സ്കിറ്റോ എന്തുമാവട്ടെ, എപ്പോഴും അഭിനയിക്കുക എന്നതാണ് അശ്വതിയുടെ ആഗ്രഹം. കളക്ഷനില്‍ 250 കോടി പിന്നിട്ടു വാഴ 2 മുന്നേറുമ്പോള്‍ തന്റെ ഉമ്മകഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് അശ്വതി.
"സിനിമയുടെ തുടക്കത്തില്‍ തന്നെ എന്നെ കാണിക്കുമെന്ന് ആദ്യ ഷോട്ട് ചെയ്യുമ്പോള്‍ അറിയില്ലായിരുന്നു. പിന്നെ, ആദ്യാവസാനമുള്ള ഇത്രയും ആഴത്തിലുള്ള കഥാപാത്രം. വാഴ 2 മൊത്തത്തില്‍ സന്തോഷമാണു തന്നത്''- അശ്വതി പറയുന്നു.
സ്കിറ്റുകളിലായിരുന്നോ തുടക്കം..?
സ്കൂള്‍കാലഘട്ടത്തില്‍ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഒന്നിലധികം തവണ കലാതിലകമായിട്ടുണ്ട്. പ്ലസ് ടുവിനുശേഷം ദൂരദര്‍ശന്റെ ‘ശ്യാമാംബരം’ സീരിയലില്‍ അഭിനയത്തുടക്കം. അവിടെ തുടര്‍ച്ചയായി മൂന്നു സീരിയലുകള്‍. തുടര്‍ന്നു ജയ് ഹിന്ദ് ചാനലില്‍ വിവിധ പരിപാടികള്‍. എല്ലാവരും ടിവിയില്‍ കാണുമല്ലോ എന്നതായിരുന്നു അന്നത്തെ സന്തോഷം. അഭിനയിക്കാന്‍ അല്പമെങ്കിലും കഴിവുള്ളതായി അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ആര്‍ട്സ് കോളജില്‍ ബിഎസ്സി ഫിസിക്സിനു പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല നാടകോത്സവത്തിനുള്ള കോളജ് നാടകത്തില്‍ സീരിയല്പശ്ചാത്തലം പരിഗണിച്ച് എന്നെയും ഉള്‍പ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസ്. അതോടെ അഭിനയത്തിന്റെ കൂടുതല്‍ സാധ്യതകള്‍ പഠിക്കണമെന്നു തോന്നി, നിരീക്ഷ വിമന്‍സ് തിയറ്ററിന്റെ ഭാഗമായി. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ചാനല്‍സ്ക്രീനില്‍ റീഎന്‍ട്രി. അവിടെ ഒരു എപ്പിസോഡില്‍ ഗസ്റ്റായി വന്ന നാദിര്‍ഷിക്ക ‘കേശു ഈ വീടിന്റെ നാഥനി’ല്‍ ചെറിയ വേഷം തന്നു.
തുടര്‍ന്നു മിനി ഐ.ജി. സംവിധാനം ചെയ്ത ‘ഡിവോഴ്സ്’, ‘വയസെത്രയായി മുപ്പത്തി’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. ചാനല്‍ പരിപാടികളും കോമഡി സ്കിറ്റുകളുമായി മുന്നോട്ടുപോകുന്നതിനിടെ ഫ്ളവേഴ്സ് സ്കിറ്റില്‍ തിരുവന്തപുരം സ്ളാംഗില്‍ സംസാരിക്കുന്ന സുനി ചന്ദ്രി എന്ന കഥാപാത്രം വൈറലായി. അതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
വാഴ 2ലേക്ക് എത്തിയത്..?